This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോങ്‌ഗോ പനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോങ്‌ഗോ പനി

Congo Fever

വൈറസ്‌ മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചപ്പനി. ക്രിമിയന്‍ കോങ്‌ഗോ ഹെമറേജിക്‌ ഫിവര്‍ (CCHF) എന്നും അറിയപ്പെടുന്നു. ആര്‍.എന്‍.എ. വൈറസുകളിലെ ബ്യൂനിയ വിറിഡൈ (Bunya viridac) കുടുംബത്തില്‍പ്പെട്ട നെയ്‌റോ വൈറസാണ്‌ (Nairo virus) രോഗകാരി. പൂര്‍വ പശ്ചിമ ആഫ്രിക്കയിലാണ്‌ ഈ വൈറസിന്റെ സാന്നിധ്യം കൂടുതലുള്ളത്‌. ഷഡ്‌പദങ്ങള്‍, ചെള്ള്‌ മുതലായവയാണ്‌ രോഗവാഹകര്‍. മുന്‍ സോവിയറ്റ്‌ രാഷ്‌ട്രങ്ങളില്‍, ക്രിമിയയിലാണ്‌ ഈ രോഗം ആദ്യമായി കണ്ടെത്തിയത്‌ (1944). അക്കാലം മുതല്‍ ക്രിമിയന്‍ ഹെമറേജിക്‌ ഫീവര്‍ എന്നറിയപ്പെട്ടിരുന്ന ഈ പനി 1956 ല്‍ കോങ്‌ഗോയിലും കണ്ടെത്തുകയുണ്ടായി. ക്രിമിയന്‍ ഹെമറേജിക്‌ ഫീവര്‍ പിന്നീട്‌ കോങ്‌ഗോ-ക്രിമിയന്‍ ഹെമറേജിക്‌ ഫീവര്‍ എന്നും അറിയപ്പെട്ടു.

മാരകമായ ഒരു പകര്‍ച്ചപ്പനിയാണിത്‌. രോഗവാഹകരായ ചെള്ളിന്റെ കടിയേല്‍ക്കുന്ന വളര്‍ത്തു-വന്യമൃഗങ്ങളുമായോ മനുഷ്യരുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗകാരിയായ വൈറസുകള്‍ മനുഷ്യരിലെത്താം. കടുത്ത പനി, ക്ഷീണം, പേശിവേദന, തലവേദന, കണ്ണുകള്‍ക്കനുഭവപ്പെടുന്ന പുകച്ചില്‍, കഴുത്തിന്റെ ചലനശേഷിക്കുറവ്‌, പ്രകാശത്തോടുള്ള ഭയം എന്നിവയാണ്‌ രോഗാരംഭത്തിലുള്ള ലക്ഷണങ്ങള്‍. തുടര്‍ന്ന്‌ രോഗിക്ക്‌ തലചുറ്റല്‍, ഛര്‍ദ്ദില്‍, വയറിളക്കം, കഠിനമായ വയറുവേദന എന്നിവയുണ്ടാകും. 75 ശ.മാ. രോഗികളിലും രോഗം വേഗത്തില്‍ തലച്ചോറിനെയാണ്‌ ബാധിക്കുന്നത്‌. മൂന്നുനാലു ദിവസങ്ങള്‍ക്കുശേഷം രോഗിക്ക്‌ അമിതമായ ഉറക്കം, വിഷാദം, കരള്‍വീക്കം, കരള്‍വീക്കംമൂലം വയറിന്റെ മുകള്‍ഭാഗത്തായി വലതുവശത്തനുഭവപ്പെടുന്ന കഠിനമായ വയറുവേദന, ഹൃദയമിടിപ്പ്‌ വര്‍ദ്ധനവ്‌ എന്നീ ലക്ഷണങ്ങള്‍ പ്രകടമാകും. ഈ പനിയുടെ മറ്റൊരു പ്രധാന ലക്ഷണമാണ്‌ രക്തസ്രാവം. രോഗിയുടെ മലത്തിലും മൂത്രത്തിലും രക്തത്തിന്റെ സാന്നിധ്യമുണ്ടാകും. കൂടാതെ മൂക്കില്‍നിന്നും മോണയില്‍നിന്നും രക്തസ്രാവം ഉണ്ടാകും. രോഗബാധിതരില്‍ മരണം സംഭവിക്കുന്നത്‌ രോഗം ബാധിച്ചതിന്റെ രണ്ടാമത്തെ ആഴ്‌ചയിലായിരിക്കും. രോഗമുക്തി നേടുന്നവരാകട്ടെ, രോഗം ബാധിച്ചതിന്റെ ഒന്‍പതാമത്തെയോ പത്താമത്തെയോ ദിവസംമുതല്‍ രോഗലക്ഷണങ്ങളില്‍നിന്നും വിടുതല്‍ നേടുന്നു.

രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെയുള്ള രക്തപരിശോധനയിലൂടെ രോഗനിര്‍ണയം സാധ്യമാണ്‌. ഇമ്മ്യൂണോ ഫ്‌ളൂറസെന്‍സ്‌ പോലുള്ള ആധുനിക രോഗനിര്‍ണയ രീതികളുപയോഗിച്ച്‌ വൈറല്‍ ആന്റിജനെ കണ്ടെത്തി രോഗം സ്ഥിരീകരിക്കാം. അടുത്തകാലത്തായി, പോളിമറേസ്‌ ചെയിന്‍ റിയാക്ഷന്‍ (PCR) എന്നൊരു നവീനരീതിയും രോഗനിര്‍ണയത്തില്‍ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്‌.

ഈ പനി ബാധിച്ച വ്യക്തിക്ക്‌ ആവശ്യമായ മാനസിക പിന്തുണയും വിശ്രമവും നല്‍കുകയെന്നതാണ്‌ ചികിത്സയുടെ ആദ്യപടി. ആന്റിവൈറല്‍ ഔഷധമായ റിബാവിറിന്‍ (ribavirin) കോങ്‌ഗോപ്പനിക്കെതിരെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ രക്തത്തിന്റെ അളവും കൃത്യമായി വിശകലനം ചെയ്‌തുകൊണ്ടിരിക്കണം.

രോഗവാഹകരായ ചെള്ളുകളെ നശിപ്പിച്ചും ചെള്ളുകള്‍ക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിച്ചും കോങ്‌ഗോപ്പനിയെ തടയാം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍നിന്നും മറ്റുള്ളവരിലേക്ക്‌ രോഗം പകരാതിരിക്കാനുള്ള സുരക്ഷാമാര്‍ഗങ്ങള്‍ കര്‍ശനമായും എടുത്തിരിക്കണം. രോഗിയെ ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ക്കും ഡോക്‌ടര്‍മാര്‍ക്കും എളുപ്പത്തില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ അവരും കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്‌.

12-ാം ശതകത്തിലാണ്‌ ഈ പനി ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. 2001-ല്‍ കൊസവോ, അല്‍ബേനിയ, ഇറാന്‍, പാകിസ്ഥാന്‍, തെക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ കോങ്‌ഗോ പനി ബാധിക്കുകയുണ്ടായി. 2005 ജൂലൈ-യില്‍ ടര്‍ക്കിയിലെ യോസ്‌ഗാട്ട്‌ (Yozgat) പ്രവിശ്യയില്‍ പനിപടര്‍ന്നുപിടിച്ചെന്നിലും വലിയ ആള്‍നാശമുണ്ടായില്ല. എന്നാല്‍ 2008 ആഗസ്റ്റില്‍ ഇവിടെ അന്‍പതോളം പേര്‍ ഈ രോഗം ബാധിച്ചുമരിച്ചു. 2010 മേയില്‍ കൊസവോയില്‍ നാലുപേരും 2010 ആഗസ്റ്റില്‍ പാക്കിസ്ഥാനില്‍ ഖൈബര്‍ പാക്‌ടുന്നാ പ്രവിശ്യയില്‍ രോഗബാധിതരായ 100 പേരില്‍ പത്തോളം പേരും മരണമടഞ്ഞു. ഇന്ത്യയില്‍ അഹമ്മദാബാദിലാണ്‌ ആദ്യമായി കോങ്‌ഗോ പനി കാണപ്പെട്ടത്‌ (2011 ജനുവരി). മരണമടഞ്ഞ മൂന്നു പേരില്‍ ശുശ്രൂഷിച്ച ഡോക്‌ടറും നഴ്‌സും ഉള്‍പ്പെട്ടിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍